Sunday 27 March 2011

തിരുകേശവിമര്‍ശനവും മതയുക്തിവാദികളും

മതത്തില് പ്രമാണങ്ങള്‍ക്കാണ് സ്ഥാനം. അല്‍പജ്ഞരായ മനുഷ്യരുടെ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന യുക്തിക്ക് ഒരു പ്രാമാണ്യവും ഇസ്‌ലാം കല്‍പിച്ചിട്ടില്ല. യുക്തിവാദത്തിന്റെ പശ്ചാതലത്തില് ചിന്തിച്ചാല് മതകാര്യങ്ങളില് പലതും അപ്രസക്തങ്ങളാണെന്നുപോലും തോന്നാം. അന്യയായ ഒരു പെണ്ണിനെ തീര്‍ത്തും അന്യനായ ഒരു പുരുഷന്റെ നിയന്ത്രണത്തിലേക്ക് പ്രത്യേക നിയമങ്ങള് പാലിച്ച് പിതാവ് ഏല്‍പിച്ചു കൊടുക്കുന്നതോടെ അവര്‍തമ്മില് സ്വന്തക്കാരായി. പരസ്പരം കാണലും സംസാരിക്കലും മാത്രമല്ല, അതുവരെ വിമര്‍ശിക്കപ്പെടുമായിരുന്ന ലൈംഗികബന്ധം വരെ അവര്‍ക്കിടയില് കേവലം അനുവദനയീമെന്നതിനപ്പുറം പുണ്യകര്‍മ്മം തന്നെയായിത്തീരുന്നു. അവര്‍ക്ക് കുഞ്ഞുപിറന്നാല് വിമര്‍ശിക്കുകയല്ല; കുടുംബവും സുഹൃത്തുക്കളും ആനന്ദിക്കുകയാണ് ചെയ്യുന്നത്.
ഇങ്ങനെയുള്ള ചടങ്ങുകള് ബുദ്ധിശൂന്യമാണെന്ന് ഒരാള് പറഞ്ഞേക്കാം. കുടുംബ ബന്ധങ്ങള്‍ക്ക് വലിയ സ്ഥാനമില്ലെന്നും ആര്‍ക്കും ഉഭയസമ്മതപ്രകാരം മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്നും യുക്തിവാദികള് മുമ്പെഴുതിയിട്ടുണ്ട്. ഇതു ന്യായമാണെന്ന് ചിലര്‍ക്കു തോന്നാം. പിതാവിനെക്കാള് സ്വന്തം കാര്യം തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാകയാല് അവള് ആഗ്രഹിച്ചവര്‍ക്കൊപ്പം ജീവിതം നടത്താമെന്ന് റാഡിക്കല് ഫെമിനിസ്റ്റ് യുക്തിക്ക് ചിന്തിക്കാം. പക്ഷേ, വിശുദ്ധ മതത്തില് ഇതൊന്നും പ്രസക്തമല്ല. സൂചിപ്പിച്ചതുപോലെ അവിടെ പ്രമാണങ്ങള്‍ക്കു മാത്രമാണ് സ്ഥാനം. അത് യുക്തിയോട് യോജിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം.
ദീര്‍ഘമായൊരാമുഖം കേരളത്തില് കേട്ടുവരുന്ന ഒരു പൊതുവിവാദത്തിന്റെ അപഹാസ്യത സൂചിപ്പിക്കാന് വേണ്ടിയാണ്. നബി(സ്വ)യുടെ തിരുകേശവുമായി ബന്ധപ്പെട്ടുള്ള ബഹളങ്ങള്, സുന്നികളെ വിമര്‍ശിക്കുന്നതിനപ്പുറം മതത്തിന്റെ ചില അടിസ്ഥാന ഘടകങ്ങളെതന്നെ ചോദ്യംചെയ്യുന്ന വിധത്തില് തിളച്ചുമറിയുന്നതാണ് ശ്രദ്ധയര്‍ഹിക്കുന്ന ഒരു വസ്തുത. മര്‍കസില് തിരുകേശം വന്നത് ഈ വര്‍ഷമൊന്നുമല്ല. എന്നിട്ടും ഇപ്പോഴത് ക്രൂശിക്കപ്പെടുന്നു. സര്‍വവിധ ബിദ്അത്ത്-വിഘടന പ്രസ്ഥാനങ്ങളും അസ്ഹാബ് യുദ്ധത്തിലെ പ്രവാചകവിരുദ്ധ ചേരിപോലെ ഐക്യസംഘമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇതിനുപിന്നില് മതവിരുദ്ധരുടെ ശക്തമായ ഇടപെടലുകളുണ്ടെന്നത് സംശയിക്കേണ്ട കാര്യമാണ്.
തിരുകേശത്തില് കൊത്തിപ്പിടിച്ച് മതത്തിന്റെ ആത്മികഭാവത്തെ കുളിപ്പിച്ച് കിടത്തിയാല്, പിന്നെ ഒന്നൊന്നായി തകര്‍ന്നുവീഴുക ഇസ്‌ലാമിന്റെ മൂലക്കല്ലുകളാണെന്ന് ശത്രുക്കള്‍ക്കറിയാം. അവര് വെച്ചുകൊടുത്ത ഏണിയില് ഏന്തിവലിഞ്ഞുകേറാന് ആളെക്കിട്ടുമ്പോള് വിജയിക്കുന്നത് ഇബ്‌ലീസാണെന്നത് എത്ര പരിതാപകരം! മലക്ക്, നരകം, സ്വര്‍ഗം, പ്രവാചകത്വം, വഹ്‌യ് തുടങ്ങിയ പലതും യുക്തികൊണ്ട് പൂര്‍ണമായി സമര്‍ത്ഥിക്കാന് കഴിയാത്തവയാണ്. എത്ര പ്രസംഗിച്ചാലും 2+2=4 പോലെ ഖണ്ഡിതമായൊരു തീരുമാനത്തിലെത്താന് ഈ വിഷയത്തില് ആര്‍ക്കുമാവില്ല. പിന്നെ ഗുണങ്ങളും ഫലങ്ങളും അനുഭവങ്ങളും ആവശ്യകതയും വിശദീകരിച്ച് തൃപ്തിയടയാന് വിശ്വാസിക്ക് പറ്റും. ഒരു ഒറിജിനല് യുക്തിവാദിക്കോ? ‘തിരുകേശം’ പോലെ യുക്തിരാഹിത്യത്താല് ഉപരിസൂചിത വിശ്വാസങ്ങള് മുഴുക്കെ ഒ. അബ്ദുല്ല ചാടിക്കടക്കുന്നതുപോലെ അവന് അവഗണിക്കും. പിന്നെ മതത്തിലെന്ത് ശേഷിക്കും? ഒരു ഭൗതിക പ്രസ്ഥാനവും ദൈവിക പദ്ധതിയും തമ്മിലെന്ത് വ്യത്യാസം ഉണ്ടാവും? കേവലം മൃതപ്രായമായ ഒരു വരണ്ട ഇസ്‌ലാമാണ് ഈ തീക്കളിയുടെ അവസാനഘട്ടം. ഇതുതന്നെയാണല്ലോ മതവിരുദ്ധര് ആഗ്രഹിക്കുന്നതും ഇസ്‌ലാമിലെ യുക്തിവാദികളായ ബിദ്അത്തുകാര് വഴി നടപ്പിലാക്കാന് ശ്രമിക്കുന്നതും.....

മുഹമ്മദ് മിന്‍ഹാജ് syskerala.com